Wednesday, August 25, 2010

ഇത് എന്റെ കഥ

മൂന്നു മാസത്തിനിടയില്‍ ഇത് നാലാം തവണയാണ് എഴുതാനിരിക്കുന്നത് - രവി ആലോചിച്ചു. താനൊരു എഴുതുകാരനൊന്നുമല്ല, എങ്കിലും എന്തെല്ലാമോ കടലാസ്സിലേക്ക്  പകര്‍ത്താനുണ്ട്  . ഓര്‍മകളെയും ചിന്തകളെയും മുഴുവനായി ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതെ മനസ്സ് നിറയുമ്പോഴായിരിക്കാം ഒരാള്‍ക്ക്‌ എഴുതണമെന്നു തോന്നുന്നത്. തന്റെ കാര്യത്തിലെങ്കിലും അത് ശരിയാണെന്നു രവിക്ക് തോന്നി. പാതി സ്വപ്നജീവിയായ താന്‍ കാണുന്ന സ്വപ്നങ്ങളും, നെയ്തെടുക്കുന്ന ചിന്തകളും സ്വരുക്കൂട്ടി വയ്ക്കാന്‍ തന്റെയുള്ളില്‍ സ്ഥലമെവിടെ. പക്ഷെ മുന്‍പ്  മൂന്നു തവണയും താന്‍ നിരുപാധികം പരാജയപ്പെടുകയാനുണ്ടായത്. കയ്യില്‍ പേനയുമായി ഇരിക്കുമ്പോള്‍, മുന്നിലെ വെളുത്ത കടലാസ്സില്‍ ഏതൊക്കെയോ അവ്യക്ത രൂപങ്ങള്‍ മിന്നിമറയുന്നു. അവ തന്നെ എഴുതാന്‍ സമ്മതിക്കുന്നില്ല. ഒരു പക്ഷെ പേനക്ക് മുന്നിലെ ശൂന്യമായ കടലാസ്സിനെയാവും താനിന്നേറെ ഭയപ്പെടുന്നത് . ഒരു പക്ഷെ മനസ്സിലോന്നുമില്ലാതതിനാലാവുമോ എഴുതാന്‍ കഴിയാത്തത്? ' അല്ല, എനിക്ക് ധാരാളം എഴുതാനുണ്ട്. വൈവിധ്യപൂര്‍ണമായ വിഷയങ്ങള്‍ എന്റെ പക്കലുണ്ട്. പക്ഷെ മനസ്സ് എന്റെ കൂടെയുണ്ടോ എന്നെനിക്കുറപ്പില്ല.' രാത്രിയില്‍ ,തുറന്നിട്ട ജന്നലയുടെ അരികത്തു, ഇരുളിലേക്ക് നോക്കി രവി ഇരുന്നു. നിഴല്‍ക്കാഴ്ച പോലും അന്യമായ ഇരുട്ടില്‍ തന്റെ രൂപം കാണാമെന്നു രവിക്ക് തോന്നി. 'അതില്‍ എന്റെ മനിസ്സിനെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തിയാലോ? , വേണ്ട...ഞാനാ പദ്ധതി ഉപേക്ഷിക്കുന്നു '.
കുന്നിന്‍ മുകളില്‍ നിന്നും, കമുകിന്‍ തോട്ടം കടന്നെത്തിയ കാറ്റ് രവിയുടെ മുഖത്തേക്ക് പതുക്കെ വീശി. കാറ്റിന്റെ കുളിരിനൊപ്പം മഴത്തുള്ളിയുടെ നനവും രവി അറിഞ്ഞു. അപ്പോഴാണവന്‍ ശ്രദ്ധിച്ചത് -പുറത്തു മഴ പെയ്യുന്നുണ്ട്. 'മഴ'-രവി ആലോചിച്ചു; ഒരു പക്ഷെ തന്നെ ഏറ്റവുമധികം മനസ്സിലാക്കിയ    കൂട്ടുകാരന്‍. കഴിഞ്ഞു പോയ ഇത് പോലുള്ള രാത്രികളില്‍ ആഗ്രഹിക്കുമ്പോഴൊക്കെ നനുത്ത ഓര്‍മകളുമായി മഴ കടന്നു വന്നിരുന്നു. കുട്ടിക്കാലം തൊട്ടേ മഴ ഒരനുഭൂതിയായിരുന്നു. രവി പുറത്തേക്കു നോക്കി. ' മറ്റൊന്നിനെയുമില്ലെങ്കിലും ഈ മഴയെ എനിക്ക് കാണാം, കേള്‍ക്കാം,അറിയാം. നാടന്‍ മാവിന്റെ കൊമ്പിലെ കയ്യെത്താ ദൂരത്തുള്ള മാങ്ങയെ ഞാന്‍ തൊട്ടതു ഇറ്റു വീഴുന്ന മഴതുള്ളികളിലൂടെയായിരുന്നു.നെറുകയില്‍ നിന്ന് മുടിയിഴകള്‍ വഴി, മൂക്കിന്‍ തുമ്പിലൂടെ താഴേക്ക്‌ ഇറ്റു വീഴുന്ന മഴത്തുള്ളിയില്‍ എന്റെ സ്വപ്നങ്ങളുടെയും ആഹ്ലാദങ്ങളുടെയും ലോകമുണ്ടായിരുന്നു.പഴകിയ ഓടിന്‍തുമ്പില്‍ നിന്നിറ്റു വീഴുന്ന തുള്ളികള്‍ കൈനീട്ടിപ്പിടിച്ചു ആ ലോകം എന്റെ കൈക്കുള്ളിലാക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു.'  മഴയുടെ പശ്ചാത്തലസംഗീതത്തില്‍ രവി എഴുതാന്‍ ശ്രമിച്ചു.ഇല്ല,കഴിയുന്നില്ല.writers' block- വീണ്ടും അതില്‍  തട്ടി വീഴുകയാണ് . ഒരെഴുത്തുകാരന്റെ സര്‍ഗശേഷി വറ്റുമ്പോഴാവാം അവന്‍   writers' blockല്‍ പെടുന്നത്.അതവന്‍ മരിക്കുന്നതിനു തുല്യമാണ് .സര്‍ഗശേഷി ചോര്‍ന്നു പോയ എഴുത്തുകാരന്‍ മൃതനാണ് . സമൂഹത്തില്‍ സ്വമേധയാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട  എഴുത്തുകാരന്‍ പിടിവിട്ടു അഗാധതയിലേക്ക് വീഴുന്ന ഒരവസ്ഥയാണത് . അവന്‍ ഒന്നുമാല്ലതാകുന്നു.അവന്റെ അക്ഷരത്തെ സ്നേഹിച്ച അനുവാചകരുടെ മുന്നില്‍ അവന്‍ അലിഞ്ഞില്ലാതാകുന്നു. ' തനിക്കെന്തേ ഇങ്ങനെ വരാന്‍? സര്‍ഗശേഷി നിലച്ചതല്ല.അതിനു താന്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ലല്ലോ.'
'എന്നാണ്  ഞാന്‍ ആദ്യമായി എഴുതാനിരുന്നത്‌? '-രവി ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
മഴയുള്ളൊരു രാത്രിയില്‍, തന്റെ പ്രണയിനിക്ക് വേണ്ടിയായിരുന്നു അത്.അവളെപ്പറ്റിയോ, അല്ലെങ്കില്‍ അവള്‍ക്കു വേണ്ടിയോ ആയിരുന്നത് .നിലാവിന്റെയോ കാറ്റിന്റെയോ അകമ്പടികളില്ലതെ ഞാന്‍ നടത്താറുള്ള ഏകാന്തരാത്രിയാത്രകളില്‍ വഴിമുടക്കിയായി ഒരു ചെറു പാലമോ കടത്തു തോണിയോ പോലുമില്ലാത്ത ഒരു പുഴയായി നിന്നവള്‍.പഞ്ചാരമണലില്‍ കാലുകള്‍ ഊന്നുമ്പോള്‍, മണല്‍ത്തരികളിലൂടെ അരിച്ചിറങ്ങി,ഒരു നനവായി തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട്  അവളെന്നെ വിളിക്കുമായിരുന്നു. പിന്തിരിഞ്ഞു നടക്കാന്‍ എനിക്കാവില്ലായിരുന്നു.അവളൊരുക്കിയ ചുഴികളുടെ അഗാധതയിലേക്ക്‌ സ്വയം വലിച്ചെറിയപ്പെടാന്‍ ഞാനിഷ്ടപ്പെട്ടു. ശരീരത്തിന്റെ ഓരോ അണുവിലും അവളെ സ്വാംശീകരിച്ചു  കൊണ്ട് , ഓളപ്പരപ്പില്‍ അലസമായി ഒഴുകാന്‍, തീരങ്ങളില്‍ തിര തല്ലി അവളൊരുക്കുന്ന സംഗീതത്തിനു കാതോര്‍ക്കാന്‍....
എന്റെ വഴി തെറ്റുകയായിരുന്നു.ഇവിടെക്കല്ല ഞാന്‍ വരേണ്ടിയിരുന്നത്. ഇതെന്നെ ഞാനല്ലതാക്കുകയാണ്. ഒന്ന് കുതറി മാറണമെന്നുണ്ട് .സാധിക്കുന്നില്ല.ഒടുവില്‍ ഞാന്‍ കീഴ്പ്പെടുകയായിരുന്നു. പ്രണയം, അതെന്നെ കീഴ്പ്പെടുത്തുകയായിരുന്നു.ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു, എന്നെ എഴുതാന്‍ പ്രേരിപ്പിച്ച അതേ പ്രണയമാണ്  ഇപ്പോള്‍ എന്നെ ഈ block ലും പെടുത്തിയിരിക്കുന്നത്. കാറ്റില്‍ പറത്തിവിട്ട അപ്പൂപ്പന്‍താടി പോലെ പായുന്ന ചിന്തകളെ എങ്ങനെ സ്വരുക്കൂട്ടി വയ്ക്കും? എങ്ങനെ അവയെ അക്ഷരങ്ങളാക്കി മാറ്റും? ഇവിടെ ഒരു കഥ ജനിക്കുകയാണ് '.
രവി എഴുതിത്തുടങ്ങി -' ഇത് എന്റെ കഥ'.